District News
കോഴിക്കോട് ഐ.ഐ.എം. എമെറിറ്റസുമായി സഹകരിച്ച് നിർമ്മിത ബുദ്ധി (AI) കേന്ദ്രീകരിച്ചുള്ള പുതിയ അഡ്വാൻസ്ഡ് ലീഡർഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. മുതിർന്ന പ്രൊഫഷണലുകളെ അത്യാധുനിക ലീഡർഷിപ്പ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, സ്ട്രാറ്റജിക് മാനേജ്\u200cമെന്റ് കഴിവുകൾ എന്നിവയിൽ ശാക്തീകരിക്കുക എന്നതാണ് 12 മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ജൂൺ 28, 2025-ന് പ്രോഗ്രാം ആരംഭിക്കും.
ഓൺലൈൻ മൊഡ്യൂളുകളും ഐ.ഐ.എം. കോഴിക്കോട്ടെ പ്രഗത്ഭരായ അധ്യാപകരും വ്യവസായ പ്രമുഖരും നയിക്കുന്ന ലൈവ് ഇന്ററാക്ടീവ് സെഷനുകളും ഉൾപ്പെടുന്ന ബ്ലെൻഡഡ് പഠനരീതിയാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. 6,23,000 രൂപയും ജി.എസ്.ടി.യും അടങ്ങുന്നതാണ് കോഴ്സ് ഫീസ്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ ഈ പ്രോഗ്രാം സഹായകമാകും.
ഡിജിറ്റൽ യുഗത്തിൽ നേതൃത്വം നൽകുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കാനും, വിവിധ വ്യവസായങ്ങളിലെ ഉൾക്കാഴ്ചകൾ നേടാനും, സമകാലിക ബിസിനസ്സ് വെല്ലുവിളികൾക്ക് അനുസൃതമായ തന്ത്രപരമായ ചട്ടക്കൂടുകൾ നടപ്പിലാക്കാനും ഈ പ്രോഗ്രാം അവസരം നൽകും.
District News
കോഴിക്കോട് ചാലിയത്ത് ഒരു വ്യോമപ്രതിരോധ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന നിർദേശം സമർപ്പിച്ചതായി ജില്ലാ കളക്ടർ സ്\u200cനേഹിൽ കുമാർ സിംഗ് അറിയിച്ചു. മിസൈലുകളും മറ്റ് വ്യോമ ഭീഷണികളും കണ്ടെത്താൻ കഴിയുന്ന അത്യാധുനിക റഡാർ സംവിധാനങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ പ്രാഥമികമായി ഉണ്ടാകുക. ഇത് വ്യോമസേനയുടെ സംയോജിത വ്യോമ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന്റെ (IACCS) അവിഭാജ്യ ഘടകമാണ്.
നിലവിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്\u200cമെന്റ് ഇൻ ഡിഫൻസ് ഷിപ്പ്\u200cബിൽഡിംഗിന്റെ (NIRDESH) കൈവശമുള്ള 40 ഏക്കർ ഭൂമിയാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. ബേപ്പൂർ തുറമുഖത്തിന് എതിർവശത്തായും ചാലിയാർ പുഴയുടെ വടക്ക് ഭാഗത്തും കടലുണ്ടി പുഴയുടെ തെക്ക് ഭാഗത്തും കോനോളി കനാലിന്റെ കിഴക്ക് ഭാഗത്തുമയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തന്ത്രപ്രധാനമായ ഈ തീരദേശ സ്ഥാനം കാരണമാണ് വ്യോമസേന ഈ സ്ഥലം ആവശ്യപ്പെട്ടതെന്ന് കളക്ടർ പറഞ്ഞു.
ഭൂമി കൈമാറ്റം ചെയ്യുന്നതിന് വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനം ആവശ്യമാണെന്നും നിലവിൽ NIRDESH പദ്ധതിയുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കോഴിക്കോടിന് അത് വലിയ നേട്ടമാകും.
District News
തിരുവമ്പാടി: 40 വർഷം പൂർത്തിയാക്കുന്ന തിരുവമ്പാടി വൈഎംസിഎയുടെ റൂബി ജൂബിലി ആഘോഷം അൽഫോൻസ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. തിരുവമ്പാടി വൈഎംസിഎ വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്തുവാൻ തിരുവമ്പാടി ലിസ ഹോസ്പിറ്റലുമായി സഹകരിക്കാൻ തീരുമാനമെടുത്തു. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു.
വൈഎംസിഎ കേരള റീജയൻ ചെയർമാൻ പ്രഫ. അലക്സ് തോമസ് മുഖ്യാതിഥിയായി. അൽഫോൻസാ കോളജ് മാനേജർ ഫാ. സ്കറിയ മങ്കരയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. തിരുവമ്പാടി വൈഎംസിഎ പ്രസിഡന്റ് സണ്ണി പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾക്കുള്ള സത്യപ്രതിജ്ഞയ്ക്ക് കോഴിക്കോട് സബ് റീജിയൻ ചെയർമാൻ ജേക്കബ് ജോൺ നേതൃത്വം നൽകി. പുതിയ അംഗങ്ങൾക്കുള്ള സ്ഥാനാരോഹണം ദേശീയ നിർവാഹക സമിതി അംഗം വി.എം. മത്തായി നിർവഹിച്ചു.
ജൂബിലിയുടെ ഭാഗമായി സ്ഥാപക അംഗങ്ങളെയും സാമൂഹിക സാംസ്കാരിക മേഖലയിൽ മികവ് പുലർത്തുന്ന കെ.സി. മാത്യു, കെ.ആർ. ബാബു എന്നിവരെയും ആദരിച്ചു. ദേശീയ നിർവാഹക സമിതി അംഗം വർഗീസ് അലക്സാണ്ടർ, നാഷണൽ പ്രോജക്ട് അംഗം ബിജു തിണ്ടിയത്ത്, നോർത്ത് സോൺ കോഡിനേറ്റർ ജെയിംസ് ജോസഫ്, പ്രോഗ്രാം കൺവീനർ ഡോ. പി.എ. മത്തായി, സാലസ് മാത്യു എന്നിവർ പ്രസംഗിച്ചു.
എം.സി. തോമസ്, ബാജി ജോസഫ്, ജോസ് ആലക്കൽ, ബാബു ജോസഫ്, സാലസ് മാത്യു എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ അംഗങ്ങളുടെ കുടുംബസംഗമവും നടന്നു.
District News
പെരുവണ്ണാമൂഴി: ദിവസവും നൂറ് കണക്കിന് സന്ദർശകർ എത്തുന്ന പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ റോഡുകൾ തോടായി. പ്രവേശന കവാടത്തിനു സമീപം പാത തകർന്ന് ഉറവ ജലം കുതിച്ചൊഴുകുകയാണ്. ഇവിടം ഏത് നിമിഷവും ഇടിഞ്ഞ് താഴാൻ ഇടയുണ്ട്.
ടൂറിസ്റ്റ് കേന്ദ്രവും റോഡും ജലസേചന വകുപ്പിന്റെ അധീനതയിലാണ്. രണ്ട് മാസം മുമ്പ് ജലജീവൻ പദ്ധതി പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ച് താഴ്ത്തിയിരുന്നു. പൈപ്പിടാൻ പാറയുള്ള ഭാഗം സ്ഫോടനം നടത്തിയാണ് ഗർത്തമുണ്ടാക്കിയത്. ഇത് കുഴൽ സ്ഥാപിച്ച് മൂടിയെങ്കിലും മഴ ആരംഭിച്ചതോടെ ഇവിടെയാണ് ഉറവ പൊട്ടി റോഡ് തോടായിരിക്കുന്നത്.
പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിനു മുമ്പ് റോഡ് നേരെയാക്കാൻ വേഗത്തിൽ ടാർ ചെയ്തിരുന്നു. ഒരാഴ്ചയാണ് ഫെസ്റ്റ് നടന്നത്. ഇതിനു ശേഷം റോഡിന്റെ തകർച്ച തുടങ്ങി. ഇതോടെ വാഹനങ്ങളിലെത്തുന്ന സന്ദർശകരുടെയും നാട്ടുകാരുടേയും കഷ്ടകാലവും ആരംഭിച്ചു.
ജലസേചന വകുപ്പ് തകർന്ന റോഡ് നേരെയാക്കാൻ ജല അഥോറിറ്റിക്ക് സത്വര നിർദേശം നൽകിയാൽ മാത്രമേ പ്രശ്നം പരിഹരിക്കുകയുള്ളൂ. എത്രയും വേഗം റോഡ് നന്നാക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.